പൊതുപണിമുടക്ക്; ബസ് സമരം തുടരുമെന്ന് ഉടമകൾ! യാത്രാ നിരക്ക് കൂട്ടാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന അറിയിച്ചു. സമരം തുടങ്ങി ഇത്രയും ദിവസം ആയിട്ടുപോലും സർക്കാർ ബസ് ഉടമകളുമായി ചർച്ച നടത്താൻ തയ്യാറായില്ലെന്നും സംഘടന കുറ്റപ്പെടുത്തി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു പറ്റിച്ചെന്നാണ് ഉടമകൾ ആരോപിക്കുന്നത്. സംസ്ഥാനത്ത് ബസ് സമരം തുടരുമെന്ന് സ്വകാര്യ ബസ് ഉടമകൾ. വൈകാതെ യാത്രാ നിരക്ക് കൂട്ടുമെന്നു പറഞ്ഞ മന്ത്രി വാക്ക് പാലിച്ചില്ലെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. പരീക്ഷാ കാലത്ത് സമരം നടത്തി ബുദ്ധിമുട്ടിച്ചെന്നു പറയുന്ന ഗതാഗത വകുപ്പ് മന്ത്രി കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോയെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. സ്വകാര്യ ബസ് സമരം മൂലം പരീക്ഷയ്ക്ക് എത്താൻ സാധിക്കാതെ വിദ്യാർത്ഥികൾ വലയുകയാണ്.
ഗ്രാമപ്രദേശങ്ങളിലാണ് യാത്രാ ക്ലേശം അനുഭവിക്കുന്നത്. കെഎസ്ആർടിസി സർവീസ് ഇല്ലാത്ത മേഖലകളിൽ യാത്ര ദുരിതത്തിലായിരിക്കുകയാണ്. മധ്യകേരളത്തിലും മലബാറിലും യാത്രയ്ക്ക് സ്വകാര്യ ബസുകളാണ് ജനങ്ങളുടെ ആശ്രയം. ഒന്നു മുതൽ ഒൻപത് വരെയുള്ള വാർഷിക പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്. ശരിയാക്കി തരാം എന്നു പറഞ്ഞതുകൊണ്ട് പ്രശ്നം അവസാനിക്കില്ല. അതിനാൽ യാത്രാനിരക്ക് വർദ്ധിപ്പിക്കാതെ സമരത്തിൽ നിന്നും പിന്മാറുന്ന പ്രശ്നമില്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി ജനറൽ കൺവീനർ ഗോപിനാഥൻ പറഞ്ഞു. എന്നാൽ ഈ മാസം 30ന് ചേരുന്ന എൽഡിഎഫ് യോഗത്തിനു ശേഷം മാത്രമേ നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാകൂ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മിനിമം ചാർജ് 12 രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസയായി ഉയർത്തണം.
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. അതേസമയം, വരുന്ന നാലു ദിവസം സംസ്ഥാനത്ത് സ്വകാര്യ ബാങ്കുകളും ദേശസാൽകൃത ബാങ്കുകളും പ്രവർത്തിക്കില്ല. ശനി, ഞായർ ദിവസങ്ങളിലെ ബാങ്ക് അവധിയ്ക്കു ശേഷമാണ് രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക്. ട്രേഡ് യൂണിയൻ പണിമുടക്കിൽ സഹകരിക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകളും അറിയിച്ചിട്ടുണ്ട്. അതേസമയം, ഓൺലൈൻ ബാങ്കിങ് ഇടപാടുകളെ സമരം ബാധിച്ചേക്കില്ലെന്നാണ് പ്രതീക്ഷ. മാർച്ച് 30ന് തുറക്കുന്ന ബാങ്കുകൾ രണ്ട് ദിവസത്തിനു ശേഷം മെയ് ഒന്നിന് വാർഷിക കണക്കെടുപ്പിനായി വീണ്ടും അടയ്ക്കും. പണിമുടക്കിൽ ബാങ്ക് ജീവനക്കാരുടെ ഒൻപതു സംഘടനകളിൽ മൂന്ന് പ്രമുഖ സംഘടനകളും പങ്കെടുക്കുന്നുണ്ട്.
ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ സംഘടനകളാണിവ.ബാങ്ക് സ്വകാര്യവത്കരണവും പുറംകരാറുകളും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്. കൂടാതെ നിക്ഷേപ പലിശ വർധിപ്പിക്കുക, കിട്ടാക്കടങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാർ ഉയർത്തിക്കാണിക്കുന്നുണ്ട്. പരമ്പരാഗത സ്വകാര്യ ബാങ്കുകളായ ഫെഡറൽ ബാങ്ക് ഉൾപ്പെടെയുള്ളവർ പണിമുടക്കിൽ പങ്കെടുക്കുമെങ്കിലും എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ പുതുതലമുറ ബാങ്കുകൾ പണിമുടക്കിൽ പങ്കെടുക്കാൻ സാധ്യതയില്ല.
Find out more: