ചെകുത്താൻ വരും; മറ്റൊരു സൂചനയുമായി പൃഥ്വിരാജ്! ലൂസിഫർ ' മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാനു ലൂസിഫർ. ലാൽ ആരാധകരെ തൃപ്തിപ്പെടുത്തുന്നതിന് പോന്ന എല്ലാം ചിത്രത്തിലുണ്ടായിരുന്നു. ഒപ്പം മലയാളത്തിൽ പുതുമയുള്ള മേക്കിങ്ങും സിനിമയുടെ പ്രത്യേകതയായിരുന്നു. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയായിരുന്നു സിനിമയുടെ തിരക്കഥാകൃത്ത്. ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാൻ ഒരുങ്ങുകയാണെന്ന് മുമ്പേ പൃഥ്വിയും മുരളിയും സൂചന നൽകിയിരുന്നു.
ഇപ്പോഴിതാ പുതിയൊരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. സിനിമയുടെ തിരക്കഥ ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പൃഥ്വി തൻറെ സോഷ്യൽമീഡിയയിലൂടെ സ്റ്റീഫൻ നെടുമ്പിള്ളിയുടെ മീശ പിരിച്ച ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അമേരിക്കൻ നടൻ ഡെൻസ്സെൽ വാഷിങ്ടണിൻറെ വാക്കുകളും. L2 എന്ന ഹാഷ് ടാഗുമുണ്ട്. ഈ വാക്കുകൾ ഇന്ന് ഓസ്കാർ വേദിയിൽ നടൻ വിൽ സ്മിത്ത് പറയുകയുമുണ്ടായി. "നിങ്ങൾ ഏറ്റവും ഉന്നതിയിലായിരിക്കുന്ന നിമിഷത്തിൽ ജാഗ്രത പാലിക്കൂ, അപ്പോഴാണ് ചെകുത്താൻ നിങ്ങളെ തേടി വരുന്നത്" എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്ന വാക്കുകൾ.
ഇന്ന് ഓസ്കാർ ചടങ്ങിനിടയിൽ തൻറെ ഭാര്യയെ കളിയാക്കിയതിന് നടൻ വിൽസ്മിത്ത് അവതരാകനായ ക്രിസ് റോക്കിനെ സ്റ്റേജിൽ കയറി മുഖത്തടിച്ചിരുന്നു. ശേഷം മികച്ച നടനായുള്ള ഓസ്കാർ പുരസ്കാരം വാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിനിടെ വിൽ സ്മിത്ത് കണ്ണീരണിഞ്ഞുകൊണ്ട് ഈ വാക്കുകൾ വാഷിങ്ടൺ തന്നോട് പറഞ്ഞതായി വേദിയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സിനിമയുടെ വിജയത്തിന് ശേഷം എമ്പുരാൻ എന്ന പേരിൽ രണ്ടാം ഭാഗം പൃഥ്വി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2019 മാർച്ച് 28നായിരുന്നു മോഹൻലാൽ - പൃഥ്വിരാജ് - മുരളി ഗോപി കൂട്ടുകെട്ടിൽ 'ലൂസിഫർ' തീയേറ്ററുകളിലെത്തിയത്. അന്നുവരെയുണ്ടായിരുന്ന മലയാള സിനിമകളുടെ എല്ല ബോക്സ് ഓഫീസ് കളക്ഷനുകളെയും തകർത്ത് ആദ്യമായി 200 കോടി സ്വന്തമാക്കിയ മലയാള ചിത്രമായും ലൂസിഫർ മാറിയിരുന്നു.
ഡെൻസൽ വാഷിങ്ടണ്ണിൻറെ വാക്കുകൾ ഇപ്പോൾ പൃഥ്വിരാജ് പങ്കുവച്ചതോടെ, അത് ആരാധകർക്ക് ലൂസിഫറിൻറെ രണ്ടാം ഭാഗത്തിലേക്കുള്ള പ്രതീക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്. ആ പിശാചിനായി കാത്തിരിക്കുന്നു എന്ന് കുറിച്ചും ചെകുത്താനെ ഞങ്ങൾക്ക് തരൂ എന്നുമൊക്കെ ആരാധകർ കമൻറുകളായി ഇട്ടിട്ടുണ്ട്. മോഹൻലാലിൻറെ ചിത്രങ്ങൾ അടുത്തിടെ ഒന്നിന് പിറകെ ഒന്നാം മോശം പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പൃഥ്വി നൽകുന്നത് ഒരു ശുഭ സൂചനയാകണെയെന്നും പലരും കുറിച്ചിട്ടുണ്ട്.
Find out more: