
2020 എന്ന ഈയൊരു കൊറോണ വർഷക്കാലം നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് നോക്കാം. ഒന്ന് ചിന്തിച്ചാൽ നമ്മുടെയെല്ലാം ജീവിതശൈലിയിൽ പോലും ഒരുപാട് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു വർഷം കൂടിയായിരുന്നു ഇത്. മാറ്റം വന്ന ജീവിതശൈലിയോട് കൂടുതൽ ആളുകളുമിന്ന് പൊരുത്തപ്പെടാൻ തുടങ്ങിക്കഴിഞ്ഞു. അങ്ങനെ 2020 എന്ന ഈ മഹാവർഷം അവസാനിക്കാറായിരിക്കുന്നു. ഈയൊരു വർഷം ഏതൊരാൾക്കും മറ്റ് വർഷങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന കാര്യം ആരോടു ചോദിച്ചാലും പറഞ്ഞു തരും.വീടുവിട്ട് പുറത്തേക്കിറങ്ങിയ അയാളിന്ന് എല്ലാവരുടേയും സന്തതസഹചാരിയാണ്, സംരക്ഷകനാണ്. വേറൊരുടേയും കാര്യമല്ല, മാസ്കിൻ്റെ കാര്യമാണ് പറഞ്ഞു വരുന്നത്. മുൻപൊന്നും നമ്മളത്ര ശ്രദ്ധിക്കാതെയിരുന്ന മാസ്ക് ആണ് ഈ മഹാമാരിയുടെ കാലത്തെ നമ്മുടെ നായകൻ. ഒന്ന് പുറത്തിറങ്ങണമെങ്കിൽ പോലും ഇപ്പോൾ മാസ്ക് നിർബന്ധമാണ്.
ആദ്യമൊക്കെ ഇതല്പം വിചിത്രമായി തോന്നിയിരുന്നെങ്കിലും ഇന്നത് എല്ലാവരുടെയും ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറി കഴിഞ്ഞു. ഡിമാൻഡ് വർദ്ധിച്ചതോടെ മാസ്കുകൾ ഇപ്പോഴൊരും ഫാഷൻ്റെ ഭാഗം പോലുമായി മാറി കഴിഞ്ഞു. പല നിറത്തിലുള്ളതും വസ്ത്രങ്ങൾക്ക് അനുയോജ്യമായതുമൊക്കെയായ മാസ്ക്കുകൾ ആളുകൾ ഇന്ന് തിരഞ്ഞു പോകുന്നുണ്ട്.പണ്ടൊക്കെ ഒന്നും മിണ്ടാതെ ഹോസ്പിറ്റലുകൾക്കുള്ളിൽ മാത്രം ഒതുങ്ങിക്കൂടി ജീവിച്ചിരുന്ന ഒരാളുണ്ട്. ആരുമാരും ശ്രദ്ധിക്കാതെ ആവശ്യമുള്ളപ്പോൾ മാത്രം രോഗികളോ ഡോക്ടർമാരോ ഉപയോഗിച്ചിരുന്ന ഒരാൾ. കൊറോണയ്‌ക്ക് മുൻപുള്ള ദിവസങ്ങളിൽ ഹാൻഡ്‌ഷെയ്ക്കുകൾ, ഹൈ ഫൈവ്സ്, ആലിംഗനങ്ങൾ ആശംസകൾ എന്നിവയുടെ രൂപത്തിലായിരുന്നു ഇവയെങ്കിൽ ഇന്ന് അതൊന്നുല്ല. വ്യക്തിപരമോ തൊഴിൽപരമോ ഏതായാലും തമ്മിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമാണ് ഇന്നത്തെ അഭിവാദ്യങ്ങൾ എല്ലാം.
കൊറോണ വൈറസ് വ്യാപനത്തിൻ്റെ ദിനങ്ങൾ വന്നെത്തിയതോടെ ആളുകൾ വാക്കാലുള്ള അഭിവാദ്യങ്ങളിലേകക്കും പരമ്പരാഗതമായ നമസ്‌തേ പറച്ചിലുകളിലേക്ക് ഒക്കെ മാറുകയും, ശാരീരികമായി ബന്ധപ്പെടാത്ത രീതിയിൽ ആളുകളെ അഭിവാദ്യം ചെയ്യുന്നതിനുള്ള നൂതന മാർഗങ്ങൾ കണ്ടെത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.മുൻപൊക്കെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ നമ്മളെല്ലാവരും ദിവസവും ആളുകളുമായി തമ്മിൽ കാണുമ്പോൾ അഭിവാദ്യം ചെയ്യുകയും അടുത്ത് ഇടപഴകുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു.
തിരക്കേറിയ സമയങ്ങളിൽ, തിരക്കുപിടിച്ച് നടപ്പാതകളിലൂടെ നടക്കുന്നത് എല്ലായ്പ്പോഴും ഒരു പ്രശ്നമായിരുന്നു. അതൊക്കെ ഇന്ന് പൂർണ്ണമായും മാറി. ലോക്ക്ഡൗൺ സമയങ്ങളിൽ ഈ ലോകത്തെ ഏറ്റവും തിരക്കേറിയ തെരുവുകൾ പോലും ശൂന്യമായത് നമ്മൾ കണ്ടതാണ്. രോഗത്തെ പേടിച്ച് മിക്ക ആളുകളും ഈ ദിനങ്ങളിൽ വീടിനകത്ത് തന്നെ ചിലവഴിക്കാൻ തുടങ്ങിതിനാൽ ഇപ്പോൾ പുറത്തേക്കിറങ്ങുമ്പോഴെല്ലാം പല റോഡുകളും ശൂന്യമായത് കാണാം!