ഉമ്മൻചാണ്ടിയെ ചെയ്തതുപോലെ കല്ലെറിയുമെന്ന ഭയം വേണ്ട; 'ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണമെന്ന്' വി ഡി സതീശൻ! മുൻ മാധ്യമപ്രവർത്തകൻ ഷാജ് കിരൺ പൊലീസ് അയച്ച ഇടനിലക്കാരൻ ആയിരുന്നോയെന്ന് സതീശൻ ചോദിച്ചു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ മുഴുവൻ ദുരുഹതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനവുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തു വന്നിരിക്കുന്നത്.  സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴി കള്ളമാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് അവരെ ഏഴ് വർഷം വരെ ശിക്ഷിക്കാം. അതേ കോടതിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാം.




      എന്ത് കൊണ്ടാണ് കോടതിയിൽ പോകാത്തത്? വി ഡി സതീശൻ ചോദിക്കുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറി നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രി പേടിക്കേണ്ട. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സിപിഎം കല്ലെറിഞ്ഞപ്പോലെ പിണറായിയെ കോൺഗ്രസുകാർ കല്ലെറിയില്ല. സ്വപ്നയുടെ ആരോപണങ്ങൾ കേന്ദ്ര അന്വേഷണ എജൻസി അന്വേഷിക്കാത്തത് ബിജെപി സിപിഎം ധാരണമൂലമാണെന്നും സതീശൻ ആരോപിച്ചു. ഒത്തുതീർപ്പിന് സമീപിച്ചെന്ന് പ്രതിയായ സ്ത്രീ പറയുന്ന മുൻ മാധ്യമ പ്രവർത്തകൻ പോലീസ് വിട്ട ഇടനിലക്കാരൻ ആയിരുന്നോ? വേണ്ടാത്തത് എന്തോ നടന്നിട്ടുണ്ട്.





    ഒത്തുതീർപ്പിനുള്ള ശ്രമം നടന്നിട്ടുണ്ട്. നിയമം കയ്യിലെടുത്ത് സർക്കാരും പാർട്ടിയും മുന്നോട്ട് പോകുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ അപകീർത്തികരമായ ആരോപണം വന്നാൽ സെഷൻസ് കോടതിയെ സമീപിക്കാം. അതിനും തയ്യാറായില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. ഇനി ഈ രണ്ട് കേസുകളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കുമെന്നും അദ്ദേഹം ആരോപിച്ചു. പ്രതിയായ സ്ത്രീയുടെ വെളിപ്പെടുത്തൽ വരുന്നത് അറിഞ്ഞപ്പോൾ തന്നെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്തു.






 മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിൻ്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തയെ ആശ്രയിച്ച് പ്രതികരണം നടത്തുന്നത് ശരിയാണോ എന്നറിയില്ല. പുറത്തുവന്ന വാർത്ത ശരിയാണെങ്കിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Find out more: