സോണിയ ഗാന്ധിയുടെ കളംമാറ്റത്തിന് കാരണം: കോൺഗ്രസിന്റെ പ്ലാൻ ബി? ആവനാഴിയിലെ സർവ ആയുധവും പുറത്തെടുക്കേണ്ടുന്ന പോരാട്ടമാണ് മുന്നിൽ. എതിർക്കേണ്ടതോ മോദി എന്ന അതികായൻ നേത്യത്വം നൽകുന്ന ബിജെപിയേയും. ഇത്രയും സന്നിഗ്ദ്ധ ഘട്ടത്തിലാണ് കോൺഗ്രസിനെ ദീർഘകാലം നയിച്ച നേതാവും ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയുടെ അനിഷേധ്യ മുഖവുമായ സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് കളത്തിൽ നിന്നും പിൻവാങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. ഇപ്പോഴില്ലങ്കിൽ പിന്നെയില്ല എന്ന അവസ്ഥയിലാണ് ദേശീയ രാഷ്ട്രീയത്തിൽ 139 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി ഇന്നെത്തി നിൽക്കുന്നത്. താമസിയാതെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രാജസ്ഥാനിൽ നിന്നും പത്രിക സമർപ്പിക്കുകയും ചെയ്തു. സമീപ കാലയളവിൽ അസുഖ ബാധിതയായി അവർ വിദേശത്ത് ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. അതിനാൽ അനാരോഗ്യമാണ് തെരഞ്ഞെടുപ്പ് കളം മാറ്റിപ്പിടിക്കാൻ പ്രേരിപ്പിച്ചതെന്ന് പറയാമെങ്കിലും അതു മാത്രമായിരിക്കുമോ സോണിയ ഗാന്ധിയുടെ തീരുമാനത്തിന് പിന്നിലുള്ള കാരണം?






 വിശദമായി പരിശോധിക്കാം.അഞ്ച് തവണയായി 25 വർഷക്കാലത്തോളം പാർലമെൻ്റിൽ പ്രതിനിധീകരിച്ച റായ്ബറേലി ലോക്സഭാ മണ്ഡലത്തെ ഉപേക്ഷിച്ചാണ് സോണിയ രാജ്യസഭയിലേക്ക് ചേക്കേറുന്നത്.അതുകൊണ്ട് ഇനി നടക്കാൻ പോകുന്ന അതിവാശിയേറിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ഉത്തരേന്ത്യയിൽ കോൺഗ്രസിന് അവശേഷിക്കുന്ന ഏക സുരക്ഷിത മണ്ഡലം പ്രിയങ്ക ഗാന്ധിക്ക് കൈമാറാൻ കഴിയും. ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ സംഭാവന ചെയ്യുന്ന ഉത്തർപ്രദേശിൽ കോൺഗ്രസിൻ്റെ കൈവശം അവശേഷിക്കുന്ന ഏക മണ്ഡലം കൂടിയാണ് റായ്ബറേലി. 1952ൽ രൂപീകൃതമായ ഈ ലോക്സഭാ മണ്ഡലം 17 തെരഞ്ഞെടുപ്പിൽ 14 തവണയും കോൺഗ്രസിനൊപ്പം നിന്നു. ഫിറോസ് ഗാന്ധിയും ഇന്ദിര ഗാന്ധിയും മുതൽ സോണിയ ഗാന്ധി വരെ മത്സരിച്ചു ജയിച്ച ഇടം. ചുരുക്കത്തിൽ നെഹ്റു കുടുംബത്തിൻ്റെ വിശ്വാസം കാത്തുസൂക്ഷിച്ച മണ്ഡലമെന്ന് സാരം.




ഏറെ പ്രതീക്ഷയോടെ കോൺഗ്രസ് അവതരിപ്പിച്ച നെഹ്റു കുടുംബത്തിലെ ഇളമുറക്കാരനായ രാഹുൽ ഗാന്ധിക്ക്, ഇന്ത്യൻ രാഷട്രീയത്തിൽ അവസരത്തിനൊത്ത് ഉയരാൻ കഴിയാതെ നിൽക്കുമ്പോഴും പ്ലാൻ ബി എന്ന പോലെ കോൺഗ്രസ് കാത്തുസൂക്ഷിച്ച നേതാവാണ് പ്രിയങ്ക ഗാന്ധി. എന്നിരുന്നാലും 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2022 ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചാരണം നയിച്ചെങ്കിലും പ്രതീക്ഷയ്ക്കു വകയുള്ള ഫലമൊന്നും തന്നെ കിട്ടിയിരുന്നില്ല.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖമായിരുന്ന രാഹുൽ ഗാന്ധി, ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെ കേരളത്തിലെ വയനാട്ടിലും മത്സരിച്ചത് ശ്രദ്ധേയമായിരുന്നു. വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് ദക്ഷിണേന്ത്യയിൽ സീറ്റ് നില നേരിയ തോതിൽ മെച്ചപ്പെടുത്താൻ കോൺഗ്രസിനെ സഹായിച്ചെങ്കിലും ഉത്തരേന്ത്യയിൽ ആ നീക്കം പാർട്ടിയെ ദോഷകരമായി ബാധിച്ചു.





പ്രധാനമായും രണ്ട് ഘടകങ്ങളാണ് രാഹുലിന്റെ വയനാട് ലോക്സഭാ മണ്ഡലത്തിലെ മത്സരത്തിൽ കോൺഗ്രസിനെതിരേ പ്രവർത്തിച്ചത്. വയനാട്ടിലെ തെരഞ്ഞെടുപ്പിനിടെ മുസ്ലീം ലീഗിന് ലഭിച്ച പ്രാധാന്യം, 1947ലെ ഇന്ത്യാ വിഭജനത്തിന്റെ തീക്ഷ്ണത അനുഭവിച്ച ഉത്തരേന്ത്യയിൽ പ്രചാരണ ആയുധമാക്കാൻ ബിജെപി ഫലപ്രദമായി ഉപയോഗിച്ചു. ഇതിനോടൊപ്പം ഹിന്ദി ഹൃദയ ഭൂമിയിൽ നിന്നും നരേന്ദ്ര മോദിയെ നേരിടാനാകാതെ രാഹുൽ ഒളിച്ചോടിയെന്ന വിമർശനം ഉയർന്നപ്പോൾ കോൺഗ്രസിന്റ മറുവാദം ദുർബലമായിരുന്നു. എന്നാൽ ഇത്തവണ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയെ അവതരിപ്പിക്കുകയാണെങ്കിൽ, രാഹുൽ വയനാട്ടിലേക്ക് പോയതിന്റെ പ്രത്യാഘാതം മറികടക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ ശ്രമമായും അതിനെ വിലയിരുത്താനാകും.





അതായത് രാഹുലിനെ ദക്ഷിണേന്ത്യയിലേയും പ്രിയങ്കയെ ഹിന്ദി ഹൃദയ ഭൂമിയിലേയും മണ്ഡലങ്ങളിൽ മത്സരിപ്പിച്ച് ദേശീയതലത്തിൽ പാർട്ടിയെ ബാലൻസ് ചെയ്യാൻ കോൺഗ്രസിന് ശ്രമിക്കാനാകുമെന്ന് സാരം. പക്ഷേ ഒരു ചോദ്യം പ്രിയങ്കയ്ക്കു നേരെ ഉയർന്നുവരാം. റായ്ബറേലിയിൽ നിന്നും മൂന്ന് മണിക്കൂറിൽ താഴെ ദൂരമുള്ള അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ തയ്യാറാകുമോ എന്നത്. ഇതിനു നൽകുന്ന മറുപടിയിലാകും പ്രിയങ്കയുടെ രാഷ്ട്രീയ ഭാവിയും നിശ്ചയിക്കപ്പെടുക.

మరింత సమాచారం తెలుసుకోండి: