വഴുതി വീഴാനും, വഴുതി വീഴ്ത്താനും കെൽപ്പുള്ളവൻ വരാൽ! തനിക്കു ചുറ്റുമുള്ളവർക്കു ഒട്ടും പിടികൊടുക്കാതെ അയാൾ വഴുതി മാറുന്നു, ഒപ്പം കൃത്യമായ ലക്ഷ്യങ്ങളോടെ വീഴ്ത്തുകയും ചെയ്യുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്തെത്തിയ വരാൽ പൊളിറ്റിക്കൽ ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോൻ രചനയും നിർവഹിച്ചിരിക്കുന്ന ചിത്രം വലിയ താര സാന്നിധ്യംകൊണ്ടും സമ്പന്നമാണ്. ത്രില്ലടിപ്പിക്കുന്ന കഥയ്ക്കൊടുവിൽ ചിത്രം മുന്നോട്ടു വക്കുന്ന സന്ദേശത്തിൻ്റെ കാലിക പ്രസക്തിയാണ് വരാലിനെ പ്രേക്ഷകരിലേക്ക് കണക്ടു ചെയ്യുന്നത്. വരാൽ പോലെ വഴുതി മാറുന്നവൻ എന്നൊരു പ്രയോഗമുണ്ട് നമ്മുടെ ഭാഷയിൽ. വെള്ളിത്തിരയിലെത്തിയ അനൂപ് മേനോൻ നായകനായ വരാൽ എന്ന ചിത്രം പറയുന്നത് വഴുതി മാറുന്നവൻ‍ മാത്രമല്ല, വഴുതി വീഴ്ത്താനും അറിയുന്ന കുശാഗ്രബുദ്ധിക്കാരനായ രാഷ്ട്രീയക്കാരനെക്കുറിച്ചാണ്. കേരള രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്.





  കേരളത്തിൽ പുതിയ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർണയിക്കുന്നതിനുള്ള രാഷ്ട്രീയ സംഭവിവികാസങ്ങൾക്കും അനിശ്ചിത്വത്തിനും ഇടയിലേക്ക് ഒരു തികഞ്ഞ നായകനെപോലെ അയാൾ വരികയാണ്, ഡേവിഡ് ജോൺ മേടയിൽ. എൽഡിസി പാർട്ടി കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുമ്പോൾ സിഡിഎഫ് പാർട്ടിക്ക് വലിയ അതികായന്മാരുണ്ടാകുമ്പോഴും മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നറിയാതെ ഡൽഹിയിയിൽ നിന്നുള്ള തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ്. അവിടേക്കാണ് കറുത്ത കുതിരയെപ്പോലെ ദി ബ്ലാക്ക് മാൻ എത്തുന്നത്. പിന്നീട് അയാളുടെ കളികളുടെയും കളിക്കളങ്ങളുടെയും ഇടമായി ഇവിടം മാറുന്നു. രാഷ്ട്രീയത്തിലെ തൊഴുത്തിൽക്കുത്തും അടിയൊഴുക്കും ശത്രു സംഹാരവുമെല്ലാം ചിത്രം പറഞ്ഞു പോകുന്നു. അതിനൊപ്പം കാഴ്ചാനുഭവത്തിൽ ത്രില്ല് തൽകുന്നതാണ് ചിത്രത്തിൻ്റെ വിജയം.കേരളം ഏറെ ചർ‍ച്ച ചെയ്യുന്ന ഹണി ട്രാപ്പ് ചതിക്കുഴികളിലൂടെ ചിത്രം സഞ്ചരിക്കുമ്പോൾ സമകാലിക രാഷ്ട്രീയ ചുറ്റുപാടിലേക്കു കഥയെ ബന്ധിപ്പിച്ചാണ് അനൂപ് മേനോൻ തിരക്കഥ ഒരുക്കിയിരിക്കുന്നത്.





  മാസ് ഡയലോഗുകളും സീനുകളും ഇതിനുള്ള ഇംപാക്ട് സൃഷ്ടിക്കുന്നുണ്ട്. അനൂപ് മേനോൻ്റെ തിരക്കഥയും മുൻ ചിത്രങ്ങളിൽ നിന്നും മാറിയുള്ള കണ്ണൻ താമരക്കുളം എന്ന സംവിധായകൻ്റെ മേക്കിംഗ് സ്റ്റൈലും വരാലിൻ്റെ പ്ലസ് പോയിൻ്റായി മാറുകയാണ്. വലിയ താരനിര ചിത്രത്തിലുണ്ടെങ്കിലും ഡേവിഡ് ജോൺ മേടയിലിനുള്ള ബിൽഡപ്പും കഥയുടെ രാഷ്ട്രീയ ഭൂമികയും പരിചയപ്പെടുത്തുന്ന അരമണിക്കൂറിനു ശേഷമാണ് കഥ വികസിക്കുന്നത്. കഥയിലേക്കു പ്രേക്ഷകരെ എത്തിക്കാൻ പൃഥ്വിരാജിന്റെ വോയിസ് ഓവറും ഒപ്പമുണ്ട്. ആദ്യ പകുതിയിലേക്കെത്തുമ്പോൾ രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊപ്പം പ്രേക്ഷകരെ മുൾമുനയിൽ നിർത്താനും ത്രില്ലടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. 





  സ്റ്റൈലിഷ് മേക്കിംഗ് രീതിയും അതിനാനുപാതികമായ കാമറ ആംഗിളുകളും ചിത്രത്തിൻ്റെ കാഴ്ചാനുഭവത്തിൻ്റെ ഭംഗി വർധിപ്പിക്കുന്നു. എങ്കിലും പരസ്യങ്ങളുടേതെന്ന പോലെ കാഴ്ചകൾ മാറിയോ എന്നു ചിലപ്പോഴൊക്കെ തോന്നിപ്പോയാൽ തെറ്റും പറയാനാവില്ല. രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ഇമോഷൻസിനെ അവരുടെ കണ്ണുകളുടെ ക്ലോസ് അപ് ഷോട്ടുകളിലൂടെ പ്രേക്ഷകരുമായി സംവദിക്കാനാണ് സംവിധായകനും കാമറമാനും ഇക്കുറി ശ്രമിച്ചിരിക്കുന്നത്.

Find out more: