മാസ്കുകൾക്ക് പകരം എന്തെങ്കിലുമുണ്ടോ? ലോകം മുഴുവൻ ഇന്ന് ജനങ്ങളോട് മാസ്ക് ധരിക്കാൻ ആരോഗ്യപ്രവർത്തകരും അധികാരികളും പറയുന്നു. ആരോഗ്യപ്രവർത്തകർ ഫേസ് മാസ്ക് കൂടാതെ ഫേസ് ഷീൽഡും ഉപയോഗിക്കുന്നുണ്ട്. സംഭവം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായെങ്കിലും പലർക്കും ഇപ്പോഴും മാസ്ക് അരോചകമാണ്. ധരിക്കാതെ പുറത്തിറങ്ങിയാൽ ഒന്നുകിൽ കൊറോണ വരും അല്ലെങ്കിൽ പോലീസ് പിടിക്കും എന്നതുകൊണ്ട് മാത്രമാണ് ചിലർ മാസ്ക് ഉപയോഗിക്കുന്നത്. വായും മൂക്കും മൂടികെട്ടുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ആണ് കാരണം.മാസ്ക്, ഒരു പക്ഷെ കൊവിഡ്-19 അഥവാ കൊറോണ വൈറസിന്റെ വരവോടെ ലോകത്ത് ഏറ്റവും അധികം നിർമ്മിച്ചതും വിറ്റഴിക്കുകയും ചെയ്ത ഒന്നാണ് ഫേസ് മാസ്കുകൾ.



 കോറോണയ്ക്കെതിരെ പ്രതിരോധം തീർക്കാനുള്ള ചുരുക്കം ചില മാർഗങ്ങളിൽ ഒന്നാണ് മാസ്ക്. "മാസ്കിനെക്കാൾ പതിന്മടങ്ങ് ഉപയോഗിക്കാൻ സൗകര്യപ്രദം" എന്ന കുറിപ്പും #CoronaInnovation എന്ന ഹാഷ്ടാഗോഡും കൂടെയാണ് ഹർഷ് ഗോയങ്ക ബ്രീത്ത് വെൽ ട്യൂബിൻ്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉണ്ട്, ബ്രീത്ത് വെൽ ട്യൂബ്. വ്യവസായിയായ ഹർഷ് ഗോയങ്കയാണ് പലർക്കും പുതിയ അറിവായ ബ്രീത്ത് വെൽ ട്യൂബിനെ ഒരു ട്വിറ്റെർ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 'കോവിഡ് 19 അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നതോടൊപ്പം ബ്രീത്ത് വെൽ ട്യൂബിന് ആൾകാർ തമ്മിലുള്ള സാമൂഹിക ഇടപെടൽ മെച്ചപ്പെടുത്താൻ സഹായിക്കും'.



കാരണം സംഭാഷണ സമയത്ത് നിങ്ങൾക്ക് മറ്റൊരാളുടെ മുഖം കാണാൻ കഴിയും. സുതാര്യമാണ് ബ്രീത്ത് വെൽ ട്യൂബ്.അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ താമസിക്കുന്ന പാബ്ലോ ബോഗ്ദാനാണ് ബ്രീത്ത് വെൽ ട്യൂബിൻ്റെ പിന്നിൽ.  സംഭവം കൊള്ളാം, ഒന്ന് ട്രൈ ചെയ്തു നോക്കണം എന്ന രീതിയിൽ തന്നെയാണ് ഭൂരിപക്ഷം പേരും വീഡിയോയ്ക്ക് കീഴെ പ്രതികരണം അറിയിച്ചിരിക്കുന്നത്. അതെ സമയം ഒരാളുടെ സംശയം തികച്ചു ന്യായമാണ് എന്ന് പറയാതെ വയ്യ. പെട്ടന്നൊരു തുമ്മൽ വന്നാൽ, ബ്രീത്ത് വെൽ ട്യൂബിൽ തുപ്പലം തെറിച്ച്.... ബാക്കി പറയുന്നില്ല.


പ്ലാസ്റ്റിക്കിൽ നിർമിച്ചിരിക്കുന്ന 'ബ്രീത്ത് വെൽ ട്യൂബ്' മാസ്‌കുകളേക്കാൾ സുരക്ഷിതമാണെന്ന് പാബ്ലോ വിശ്വസിക്കുന്നു. ഒരാളുടെ തോൾ ഭാഗം മുതൽ തല മുഴുവനായി മൂടുന്നതിനാൽ സുരക്ഷിതത്വം കൂടുതലാണ്. ബ്രീത്ത് വെൽ ട്യൂബ് ധരിച്ചാൽ ധരിക്കുന്ന വ്യക്തിക്ക് തന്നെ സ്വന്തം മുഖത്ത് സ്പർശിക്കാൻ പ്രയാസമാണ്. മാസ്‌കുകളേക്കാൾ ബ്രീത്ത് വെൽ ട്യൂബ് സുരക്ഷിതമാണ് എന്ന് പാബ്ലോ പറയുന്നതിന്റെ അടിസ്ഥാനം. 

మరింత సమాచారం తెలుసుకోండి: