കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ ഇന്ന് കോടതിയില്‍ ഹാജരാകും.

 

 

 

കേസിന്റെ വിചാരണ കോട്ടയത്ത് കോടതിയില്‍ ഇന്ന് തുടങ്ങാനിരിക്കെയാണ് ഫ്രാങ്കോ എത്തുന്നത്. കേസിലെ പ്രാഥിക നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാദം ആരംഭിക്കും . നിലവില്‍ ജാമ്യത്തിലാണ് ബിഷപ്പ്. ജാമ്യം നീട്ടാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ബിഷപ്പിന്റെ അഭിഭാഷകര്‍ നല്‍കും.

 

 

 

 

 

കന്യസ്ത്രീ മഠത്തില്‍ വെച്ച് 2014-16 കാലയളവില്‍ ബിഷപ്പില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 ന് കോട്ടയം പോലീസ് ചീഫിന് ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയാണ് കേസിന് കാരണമായത്. ജൂണ്‍ 28 ന് പരാതിയില്‍ പോലീസ് കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുത്തു. ഒക്‌ടോബറില്‍ തന്നെ കേസില്‍ കുറവിലങ്ങാട് പോലീസ് ജലന്ധറിലെത്തി ബിഷപ്പിന് സമന്‍സ് കൈമാറിയിരുന്നു. കുറവിലങ്ങാട് പോലീസിന്റെ പരിധിയിലായിരുന്നു കേസ് നടന്നതെങ്കിലും ഫ്രാങ്കോ മുളയ്ക്കന്‍ ജലന്ധറിലാണ് സേവനം അനുഷ്ഠിക്കുന്നത്.

 

 

 

 

 

 

 

എന്നാൽ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ഫ്രാങ്കോ അവിടെ നിന്നും കേരളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി നടപടികള്‍ക്കായി എത്തുന്ന ഫ്രാങ്കോയ്‌ക്കൊപ്പം ജലന്ധറില്‍ നിന്നുള്ള 20 വൈദികര്‍ അടങ്ങുന്ന സംഘവും ഉണ്ടാകുമെന്നാണ് വിവരം. വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ജലന്ധര്‍ രൂപതയുടെ തലവന്‍ എന്ന നിലയിലുള്ള ദൗത്യങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം പോപ്പ് ഫ്രാന്‍സിസ് ഫ്രാങ്കോയെ വിലക്കിയിട്ടുണ്ട്. 2018 സെപ്തംബര്‍ 28 ന് അന്വേഷണത്തിന് പിന്നാലെ പോലീസ് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തിരുന്നു. ഒക്‌ടോബര്‍ 15 ന് ജാമ്യം നേടി പഞ്ചാബിലേക്ക് പോകുകയും ച്യ്തിരുന്നു. 

 

 

ഈ വര്‍ഷം ഏപ്രില്‍ 9 ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 1000 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്‌സുമാരും ഉള്‍പ്പെടെ 84 സാക്ഷികളുണ്ട്. അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ വകുപ്പുകളാണ് ഫ്രാങ്കോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ കിട്ടുന്ന രീതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 87 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്.

మరింత సమాచారం తెలుసుకోండి: