കോൺഗ്രസിൽ പ്രശാന്ത് കിഷോറിന്റെ റോൾ എന്താണ്? കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് പിന്നാലെയാണ് വീണ്ടും പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനം ചർച്ചയാകുന്നത്. കോൺഗ്രസിൽ അദ്ദേഹം ചോരുമോ എന്ന കാര്യത്തിലും 2024ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ റോൾ എന്താണെന്ന കാര്യത്തിലും സോണിയാ ഗാന്ധി തീരുമാനമെടുക്കുമെന്നാണ് മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസ് പാർട്ടിയിൽ ചേരുമോ എന്ന ചോദ്യങ്ങൾ ഏറെ നാളുകളായി ഉയർന്ന് കേൾക്കുന്നതാണ്.




   പ്രിയങ്ക ഗാന്ധിയുമായും മുതിർന്ന പാർട്ടി നേതാക്കളുമായും നടത്തിയ ചർച്ചകൾക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാം തവണയും പ്രശാന്ത് കിഷോറുമായും അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്തിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സോണിയാ ഗാന്ധി ഇന്നലെ വൈകിട്ട് കൂടിയാലോചന നടത്തിയെന്നെങ്കിലും മക്കളായ രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുകയെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമ റിപ്പോർട്ട് ചെയ്യുന്നത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് പുറമെ, സംസ്ഥാന തെരഞ്ഞെടുപ്പുകളും കോൺഗ്രസ് യോഗങ്ങളിൽ ചർച്ചയാകും.




   ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് കോൺഗ്രസിന് നിർണായകമാകുന്നത്. ഇന്നത്തെ കോൺഗ്രസ് യോഗത്തിൽ ദിഗ്‍വിജയ സിങ്, കമൽനാഥ്, കെ സി വേണുഗോപാൽ എന്നിവരടക്കമുള്ള നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള യോഗങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോർട്ടുകൾ. ടിആർഎസുമായി സഖ്യമില്ലെന്നും കോൺഗ്രസ് നേതാവായ രേവന്ദ് റെഡ്ഡിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും എഐസിസി വ്യക്തമാക്കിയിരുന്നു,




 പ്രധാനമന്ത്രി നരേന്ദ്രമോദി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ പേരുകളുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളുടെ ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡുമായാണ് പ്രശാന്ത് കിഷോർ ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷയുമായി ചർച്ച നടത്തിയത്. പ്രശാന്ത് കിഷോറിന്റെ രംഗപ്രവേശനത്തോടെ കോൺഗ്രസ് നേതൃത്വത്തിന് ആത്മവിശ്വാസവും വർദ്ധിച്ചിട്ടുണ്ട്. അതേസമയം, പ്രശാന്ത് കിഷോർ തെലങ്കാനയിൽ ടിആർഎസുമായി സഹകരിക്കുന്നത് കോൺഗ്രസിനെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതാണ്.

Find out more: