
കൈവശമുണ്ടായിരുന്ന പഴയ സൈക്കിൾ റിപ്പയർ ചെയതെടുത്താണ് യാത്രക്കുപയോഗിക്കുന്നത്. പോക്കറ്റിൽ പണം കരുതിയിട്ടില്ല. കാരിയറിലെ ചെറിയ പെട്ടിയിൽ രണ്ടുജോടി വസ്ത്രങ്ങളും രണ്ടുപുതപ്പുകളും ചെറിയൊരു പായയും മാത്രമാണുള്ളത്.പണമില്ലെങ്കിലും യാത്രക്കിടെ ബുദ്ധിമുട്ടുകളോ പ്രതിസന്ധിയോ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. ഭക്ഷണവും വെള്ളവുമെല്ലാം യഥാസമയം ലഭിച്ചു. സൈക്കിളും അതിലെ ബോർഡും കണ്ട് പരിചയപ്പെടുന്ന ജനങ്ങളാണ് തന്റെ യാത്രയുടെ സ്‌പോൺസർമാരെന്ന് ജമാൽ പറയുന്നു. ഇത്രയും നാളത്തെ യാത്രക്കിടെ ഒരിക്കൽപോലും ഭക്ഷണത്തിനു വേണ്ടി ആരോടും ചോദിച്ചിട്ടില്ല. പരിചയപ്പെട്ടവരെല്ലാം സ്വമേധയാ വാങ്ങിത്തരികയായിരുന്നു. ഹൈവേകളിലെ മുഴുവൻസമയവും പ്രവർത്തിക്കുന്ന പെട്രോൾപമ്പുകളിലാണ് രാത്രികാല വിശ്രമം. ഫോൺ ചാർജിംഗും കുളിയും തുണിയലക്കലും പ്രാഥമിക കർമങ്ങളുമെല്ലാം ഇവിടെ നടത്തും. നിത്യവും എൺപതു മുതൽ നൂറു കിലോമീറ്ററാണ് യാത്ര ചെയ്യുന്നത്. രണ്ടുവർഷത്തിനിടെ ഒമ്പതു ടയറുകൾ മാറ്റിയിടേണ്ടി വന്നു. ഇതെല്ലാം അതാതിടങ്ങളിലെ ജനങ്ങൾ വാങ്ങിത്തന്നു.
പഞ്ചർ ഒട്ടിക്കാനുള്ള സാമഗ്രികളും അത്യാവശ്യ ടൂൾസുകളും കരുതിയിട്ടുണ്ട്. മൊബൈൽഫോണും പവർബാങ്കുമാണ് വിലപിടിപ്പുള്ള വസ്തുക്കൾ. ഓരോദിവസത്തെയും യാത്രാവിവരങ്ങൾ രേഖപ്പെടുത്താനുള്ള പുസ്തകവും റൂട്ട് അടയാളപ്പെടുത്തിയ മാപ്പും കൈവശമുണ്ട്. ഭിലായിയിൽ നിന്നു തുടങ്ങിയ യാത്ര നാഗ്പൂർ, ഹൈദരാബാദ്, ബംഗളൂരു വഴി കന്യാകുമാരിയിലെത്തി. അവിടെനിന്നു തീരദേശ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തു. ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് പിന്നിട്ട് ശ്രീനഗറിലെത്തി. അവിടെ നിന്നു പഞ്ചാബും രാജസ്ഥാനും കടന്ന് ഗുജറാത്തിലെത്തിയപ്പോഴാണ് രാജ്യത്ത് ലോക്ക്ഡൗൺ വരുന്നത്. രണ്ടുമാസത്തോളം അവിടെ തങ്ങേണ്ടി വന്നു. പണവും സൗകര്യവുമുള്ളവർ പോലും ബുദ്ധിമുട്ടിലായപ്പോൾ തനിക്ക് പ്രയാസങ്ങളൊന്നും നേരിടേണ്ടി വന്നില്ല. സുമനസുകൾ നിത്യവും ഭക്ഷണം എത്തിച്ചുനൽകി. സംസ്ഥാനഅതിർത്തി അടച്ചിരുന്നതിനാൽ ഉൾനാടുകളിലേക്കു യാത്ര ചെയ്യാൻ സമയം വിനിയോഗിച്ചു. ഗുജറാത്തിൽ നിന്നു ഗോവയിലൂടെ മംഗലാപുരത്തെത്തി കാസർഗോഡു വഴിയാണ് കേരളത്തിൽ പ്രവേശിച്ചത്.പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സഹായങ്ങളും പിന്തുണയും ലഭിക്കാറുണ്ട്. -ജമാൽ പറഞ്ഞു. കൂടാതെ യാത്രക്കിടയിൽ തന്നാലാകുന്നവിധം ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കാനും ശ്രമിക്കാറുണ്ട്.
പരിചയപ്പെടുന്നവരോടെല്ലാം ഭക്ഷണം വിവേകപൂർവം ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കും. കർഷകനായതുകൊണ്ടുതന്നെ അന്നത്തിന്റെ വില നന്നായി മനസിലാക്കുന്നു. ഭക്ഷണം പാഴാക്കി കളയരുതെന്ന അഭ്യർഥന ഹൃദയത്തിൽ തട്ടിക്കൊണ്ടുതന്നെയാണ് മുന്നോട്ടുവയ്ക്കാറുള്ളത്. സൈക്കിൾസവാരിയുടെ ഗുണങ്ങളെക്കുറിച്ചും പലയിടങ്ങളിലും സംസാരിച്ചു. നിത്യവും രണ്ടുമണിക്കൂറെങ്കിലും സൈക്കിൾ ചവിട്ടുന്നതു ശീലമാക്കണമെന്നാണ് പറയാറുള്ളത്. ചില വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ക്ലാസെടുക്കാനും അവസരം ലഭിച്ചുവെന്നും മുഹമ്മദ് ജമാൽ പറഞ്ഞു. ഇസ്ലാം മതവിശ്വാസിയാണെങ്കിലും എത്തുന്ന സ്ഥലങ്ങളിൽ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും സന്ദർശിക്കാറുണ്ട്. മതത്തിന്റെയോ ഭാഷയുടെയോ പേരിൽ എവിടെയും മാറ്റിനിർത്തപ്പെട്ടിട്ടില്ല. ഒരിടത്തും ദുരനുഭവങ്ങളുണ്ടായിട്ടില്ല.