മക്കളെ ഗുണ്ടയാക്കാൻ ആഗ്രഹിക്കുന്നവർ അവരെ ബിജെപിയിലേക്ക് അയക്കൂ എന്ന് അരവിന്ദ് കെജ്രിവാൾ! 2024ൽ നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളെ ഗുണ്ടകളോ കലാപകാരികളോ ആക്കണമെങ്കിൽ അവരെ ബിജെപിയിൽ ചേർത്താൽ മതിയെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ സർക്കാർ സ്കൂളുകളെ പുകഴ്ത്തി സംസാരിച്ച കെജ്രിവാൾ ഹരിയാനയിലെ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പറഞ്ഞു. ഹരിയാനയിലെ ആരോഗ്യ മേഖലയിലെ സേവനങ്ങളും വൈദ്യുതി വിതരണവും സൗജന്യമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
നിങ്ങളുടെ കുട്ടികൾക്ക് ബിജെപി ഒരിക്കലും തൊഴിലവസരം ഉണ്ടാക്കി തരില്ല. അവർക്ക് തൊഴിൽ രഹിതരായ ഗുണ്ടകളെയാണ് ആവശ്യം. "മക്കളെ ഡോക്ടറോ എഞ്ചിനീയറോ അഭിഭാഷകനോ ആക്കണമെങ്കിൽ ഞങ്ങൾക്കൊപ്പം ചേരൂ. മക്കളെ ഗുണ്ടകളോ കലാപകാരികളോ ആക്കണമെങ്കിൽ ബിജെപിയിലേക്ക് പോകൂ. അത്തരത്തിലുള്ള എല്ലാ സൗകര്യവും ബിജെപിയിലുണ്ട്." കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ നിന്നും പഞ്ചാബിൽ നിന്നും ഹരിയാനയിലേക്ക് ആം ആദ്മിയുടെ കൊടുങ്കാറ്റ് വീശും. വിട്ടുവീഴ്ചയില്ലാത്ത പാർട്ടിയാണ് എഎപി. തെറ്റ് ചെയ്യുന്നത് തന്റെ മകനാണെങ്കിൽ പോലും അവന് ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിലും പഞ്ചാബിലും അഴിമതി തുടച്ചു നീക്കിയതുപോലെ ഹരിയാനയിലും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തങ്ങൾക്ക് മോഷ്ടിക്കാനോ അഴിമതി ചെയ്യാനോ കലാപം ചെയ്യാനോ ഗുണ്ടായിസം ചെയ്യാനോ അറിയില്ലെന്നും സ്കൂളുകളും ആശുപത്രികളും നിർമിക്കാൻ മാത്രമാണ് അറിയുക എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മഹാരാഷ്ട്ര സർക്കാർ സ്‌കൂളുകളുടെ അവസ്ഥ വളരെ മോശമാണ്. നേരത്തെ ഡൽഹിയിലും ഇത് തന്നെയായിരുന്നു, എന്നാൽ ഇപ്പോൾ സ്ഥിതി മാറി ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ സ്‌കൂളുകളിലെ 12-ാം ക്ലാസ് വിദ്യാർത്ഥികൾ 97 ശതമാനം വിജയം കൈവരിച്ചപ്പോൾ നാല് ലക്ഷത്തിലധികം സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിൽ ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് പുറമെ, രാഷ്ട്രീയത്തിൽ ഇറങ്ങിയത് ഭാരത മാതാവിന് വേണ്ടിയും രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തോട് രണ്ട് കാര്യങ്ങൾ മാത്രമേ ചോദിക്കുന്നുള്ളൂ, ഒന്ന് എന്റെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാകണം, രണ്ടാമത്തേത് ഞാൻ അത് കാണാനായി ജീവിച്ചിരിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
Find out more: