പുത്തൻ മേക്കവറിൽ സുരഭി ലക്ഷ്മി! നടി സുരഭി ലക്ഷ്മി അടുത്തിടെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. ദുൽഖർ ചിത്രം കുറുപ്പിൻറെ ഷൂട്ടിന് പോയപ്പോൾ, ഡിക്യുവിൻറെ പേഴ്സനൽ ട്രെയിനർ അരുൺ നൽകിയ നിർദ്ദേശങ്ങളാണ് തൻറെ ശരീരം ഹെൽത്തി ആയി സൂക്ഷിക്കണം എന്ന തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സുരഭി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മുടിയൊക്കെ കളർ ചെയ്ത് പുത്തൻ മേക്കോവറിൽ സുരഭി എത്തിയിരിക്കുകയാണ്. തിരക്കഥ, പകൽനക്ഷത്രങ്ങൾ, ഗുൽമോഹർ, പുതിയമുഖം, കഥ തുടരുന്നു, സ്വപ്ന സഞ്ചാരി, ഇവൻ മേഘരൂപൻ, അയാളും ഞാനും തമ്മിൽ, എബിസിഡി, ഏഴ് സുന്ദര രാത്രികൾ, ഞാൻ സ്റ്റീഫ് ലോപ്പസ്, എന്നു നിൻറെ മൊയ്തീൻ, കിസ്മത്ത്, ഈട, മിന്നാമിനുങ്ങ്, തീവണ്ടി, അതിരൻ, വികൃതി തുടങ്ങി അറുപതോളം സിനിമകളിൽ അഭിനയിച്ചു. കലോത്സവ വേദിയിലും നാടകങ്ങളിലും സജീവമായിരുന്ന സുരഭി ലക്ഷ്മി ബൈ ദി പീപ്പിൾ എന്ന സിനിമയിലൂടെയാണ് സിനിമാലോകത്തേക്ക് എത്തിയത്.



മിന്നാമിനുങ്ങ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ 2017ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സ്പെഷൽ മെൻഷനും ലഭിച്ചു. 'എന്നെ കണ്ടെത്തിയത് ജയരാജ് സാറാണ്' എന്നാണ് താരം ഇപ്പോൾ പറയുന്നത്. 'വിഎച്ച്എസ്ഇ കലോത്സവ വേദിയിൽ നിന്ന് തന്നെ അഭിനയലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവന്നത് സംവിധായകൻ ജയരാജ് സാറാണ്', വേദിയിൽ വെച്ച് നടി സുരഭി ലക്ഷ്മി ഇത് പറഞ്ഞപ്പോൾ സദസ്സിൽ വിദ്യാ‍ർഥികൾ കരഘോഷം തീർത്തു. കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന അഞ്ചു ദിവസം നീണ്ടു നിന്ന മാക്ടയുടെ അഭിനയ കളരിയിലെ സമാപന ചടങ്ങിലാണ് മുഖ്യാതിഥിയായെത്തിയ നടി സുരഭി ലക്ഷ്മി മനസ്സ് തുറന്നത്. 'ഉർവശി ശാപം ഉപകാരമായതാണ് എന്നെ ഉർവശി പത്രത്തിൽ എത്തിച്ചത്, എൻറെ ഒരു ചിത്രം പത്രത്തിൽ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു, കലോത്സവത്തിൽ പങ്കെടുക്കുന്നത് വലിയ പണച്ചിലവുള്ള കാര്യമാണ്. മൂന്നരലക്ഷം രൂപയോളം വേണം. ആ സമയത്ത് അച്ഛൻ മരിച്ച സമയമാണ്. കലോത്സവത്തിൽ ഓട്ടൻതുള്ളലിന് പക്കമേളക്കാരെയൊക്കെ വയ്ക്കണമെങ്കിൽ ഏറെ ചിലവ് വരും.



അതിനാൽ പക്കമേളക്കാരില്ലാതെയാണ് വിഎച്ച്എസ്ഇ കലോത്സവത്തിൽ ഞാൻ ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത്. അതിനാാൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. പെരിന്തൽമണ്ണയിൽ ആയിരുന്നു അന്നത്തെ കലോത്സവം. എൻറെ ഈ അവസ്ഥ ഞാൻ അന്ന് പത്രക്കാരോട് പറഞ്ഞു. അതോടെ എല്ലാ പത്രങ്ങളിലും വാർത്തയായി'. 'ദാരിദ്രത്തിൻറെ പടുകുഴിയിൽ നിന്ന് ഒരു മത്സരാ‍‌‍ർഥി, കുപ്പതൊട്ടിയിലെ മാണിക്യം എന്നൊക്കെ പറഞ്ഞ് അന്ന് എൻറേയും സഹോദരിയുടേയും ചിത്രങ്ങൾ വെച്ച് വാർത്ത വന്നു. ഈ വാർത്ത കണ്ട് അന്ന് ജയരാജ് സാറിൻറെ ഭാര്യ സബിത ചേച്ചി കലോത്സവം കാണാനായെത്തി. പിന്നീട് മോണോ ആക്ട്, നാടകം, കുച്ചുപിടി ഇതിലൊക്കെ എനിക്ക് സമ്മാനം ലഭിച്ചു. അന്ന് അവർ വന്ന് എന്നെ ഏറെ അഭിനന്ദിച്ചു. ശേഷം പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് ജയരാജ് സാറിൻറെ 'ബൈ ദി പീപ്പിളി'ലേക്ക് വിളിച്ചു. നളിനി എന്ന ചെറിയൊരു വേഷം ലഭിച്ചു. 


'അഭിനയം എന്നത് ശാസ്ത്രീയമായി പഠിക്കുക തന്നെ വേണം എന്നാണ് എൻറെ അഭിപ്രായം. എഡിറ്റിംഗും ക്യാമറയുമൊക്കെ പഠിക്കുന്നതു പോലെ അഭിനയവും പഠിക്കണം. അഭിനയം പഠിക്കുന്നതിൽ നാണക്കേട് വേണ്ട. അതിനൊരു മനസ്സുണ്ടാകുക എന്നത് നല്ലതാണ്. ചിലർ പതിനായിരം രൂപയുടെ ജീൻസിടും, വിലകൂടിയ കൂളിങ് ഗ്ലാസ്, മൊബൈൽ എല്ലാം കൂടി ആകെ അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങളായിരിക്കും ചിലരുടെ കയ്യിലുണ്ടാകുക, പക്ഷേ അഭിനയത്തിനായി എന്താണ് ചെയ്യുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപിടി ഇതൊന്നുമില്ലാത്ത ബ്രേക്ക്ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സിംഗിൾ ഡാൻസ് ഇതു മാത്രമുള്ള നരിക്കുന്നി എന്ന ഒരു കുഗ്രാമത്തിൽ നിന്ന് വന്നയാളാണ് ഞാൻ, എനിക്ക് പറ്റിയെങ്കിൽ നിങ്ങൾക്കും ഇതൊക്കെ സാധിക്കും', സുരഭി ലക്ഷ്മി വിദ്യാർഥികളോടായി പറഞ്ഞു.  

Find out more: