ഭാര്യയുടെ ആരോപണത്തിന് എതിരെ യോ യോ ഹണി സിംഗ് രംഗത്ത്! വർഷങ്ങളായി തന്നെ മാനസികമായും ശാരീരികമായും വാക്കുകൾ കൊണ്ടും യോ യോ ഹണി സിംഗും കുടുംബവും പീഡിപ്പിക്കുകയാണെന്നും, സിംഗിന് പരസ്ത്രീ ബന്ധമുണ്ട് എന്നുമൊക്കെയായിരുന്നു ശാലിനിയുടെ ആരോപണം. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഭാര്യയുടെ ആരോപണത്തോട് പ്രതികരിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഹണി സിംഗ്. ആരോപണങ്ങൾ തീർത്തും വാസ്തവ വിരുദ്ധമാണെന്നും അപലപനീയമാണെന്നും ഹണി സിംഗ് പറയുന്നു. ദിവസങ്ങൾക്ക് മുൻപ് ആണ് ഗായകൻ യോ യോ ഹണി സിംഗിന് എതിരെ ഭാര്യ ശാലിനി തൽവാർ രംഗത്ത് എത്തിയത്.




   20 വർഷമായി എന്റെ കൂടെയുള്ള സഹയാത്രിക/ ഭാര്യ ശാലിനി തൽവാർ എനിക്കും എന്റെ കുടുംബത്തിനും നേരെ ഉന്നയിച്ച തെറ്റായതും ദുരുദ്ദേശപരമായതുമായ ആരോപണങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. ആരോപണങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. എന്റെ പാട്ടിന്റെ വരികളെ കുറിച്ചും, എന്റെ ആരോഗ്യത്തെ കുറിച്ചും എല്ലാം മുൻപ് പല തരത്തിലുള്ള വിമർശനങ്ങളും ആരോപണങ്ങളും എല്ലാം ഉണ്ടായപ്പോഴും ഞാൻ പ്രതികരിച്ചിരുന്നില്ല. ഒരു പരസ്യ പ്രസ്താവനയോ പത്ര കുറിപ്പോ പുറത്തിറക്കിയിട്ടില്ല. എന്നാൽ ഇപ്പോൾ ഞാൻ നിശബ്ദത പാലിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും ഇല്ല എന്ന് തോന്നുന്നു. ഒരു കാലത്ത് ഞാൻ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിയ്ക്കുന്ന സമയത്ത് കൂടെ നിന്നവരാണ്. എന്നെ ഉൾക്കൊള്ളാൻ ശ്രമിച്ചവരാണ്.




   ആരോപണങ്ങൾ എനിക്ക് നേരെ മാത്രമല്ല. എന്റെ അച്ഛനമ്മമാർക്കെതിരെയും സഹോദരിയ്ക്ക് നേരെയും എല്ലാം ആണ്.പതിനഞ്ച് വർഷത്തോളമായി ഞാൻ ഇന്റസ്ട്രിയിൽ. രാജ്യത്ത് ഉടനീളമുള്ള കലാകാരന്മാരുമായും സംഗീതഞ്ജരായും ഒരുപാട് നല്ല ബന്ധം സൂക്ഷിക്കുന്നു. ഒരു പതിറ്റാണ്ടിൽ ഏറെയായി എന്റെ ക്രൂവിന്റെ അഭിവാജ്യ ഘടകമായിരുന്നു ഭാര്യ ശാലിനി തൽവാർ. ഭാര്യയുമായുള്ള എന്റെ ബന്ധത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ഷൂട്ടിങുകൾക്ക് ആയാലും പരിപാടികൾക്ക് ആയാലും മീറ്റിങുകൾക്ക് ആയാലും എപ്പോഴും എന്നോടൊപ്പം ഉണ്ടാവാറുണ്ട്. പക്ഷെ കോടതി മുമ്പാകെ ഇരിയ്ക്കുന്ന കേസ് ആയതിനാൽ ഞാൻ കൂടുതൽ ഈ വിഷയത്തിൽ പ്രതികരിയ്ക്കുന്നില്ല. ഈ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. സത്യം ഉടൻ പുറത്ത് വരും എന്ന ഉറപ്പും എനിക്കുണ്ട്.




  എനിക്ക് നേരെ ഇപ്പോൾ ശാലിനി തൽവാർ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ഞാൻ ശക്തമായി തള്ളിക്കളയുന്നു. കഠിനാധ്വാനം ചെയ്യാനും നല്ല സംഗീതം നൽകാനും എന്നെ പ്രചോദിപ്പിയ്ക്കുന്ന ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതാണ്. അത്തരം ആരോപണങ്ങൾക്ക് മറുപടി നൽകാൻ കോടതി എനിക്ക് ഇപ്പോൾ അവസരം നൽകി. ഇരു വശവും കേട്ട ശേഷം ബഹുമാനപ്പെട്ട കോടതി വിധി പ്രസ്താവിക്കുന്നത് വരെ എന്നെ കുറിച്ചോ എന്റെ കുടുംബത്തെ കുറിച്ചോ ഒരു നിഗമനത്തിലും എത്തി ചേരരുത് എന്ന് ആരാധകരോടും പൊതു ജനങ്ങളോടും അഭ്യർത്ഥിയ്ക്കുന്നു. നീതി ലഭിയ്ക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. സത്യം ജയിക്കും

Find out more: