കാട്ടാക്കട∙ നെയ്യാർ വനത്തിലെ ആദിവാസി സെറ്റിൽമെന്റിൽ ദുരൂഹ സാഹചര്യത്തിൽ ബിഹാർ സ്വദേശിയായ യുവാവിനെ കണ്ടെത്തി. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ആദിവാസികൾ നൽകിയ വിവരത്തെ തുടർന്ന് സെറ്റിൽമെന്റിലെത്തിയ റെയ്ഞ്ച് ഓഫിസർ ജെ.സുരേഷിന്റെ നേതൃത്വത്തിലുള്ള വനപാലകർ യുവാവിനെ നെയ്യാർഡാം പൊലീസിനു കൈമാറി. ആയിരംകാൽ സെറ്റിൽമെന്റിൽ കണ്ടെത്തിയത് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെയാണന്നും പേര് രഘുവെന്നാണെന്നും പൊലീസ് അറിയിച്ചു.

യുവാവിനെ കോടതിയിൽ ഹാജരാക്കി തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവാവ് വനത്തിൽ എങ്ങനെ പ്രവേശിച്ചുവെന്നതും മറ്റും സംബന്ധിച്ച്  ദുരൂഹത ബാക്കിയാണ്. യുവാവിന്റെ പക്കൽ തമിഴ്നാട് സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നതായും ഇത് വഴിയിൽ നിന്ന് ലഭിച്ചുവെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതെന്നും വനപാലകർ പറഞ്ഞു.

തമിഴ്നാട് വനം വഴി സെറ്റിൽമെന്റിലെത്തിയെന്നാണു യുവാവ് വനപാലകരോട് പറഞ്ഞത്. എന്നാൽ പൊലീസിനോട് ഒരാഴ്ച മുൻപ് തിരുവനന്തപുരത്തെത്തി എന്നാണ് പറഞ്ഞത്. വിലാസം കണ്ടെത്തി ബന്ധുക്കളിൽ നിന്നു വിവരങ്ങൾ ശേഖരിക്കും മുൻപേ, കോടതിയിൽ ഹാജരാക്കി പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയതിൽ വനപാലകർക്കും അമർഷമുണ്ട്.

Find out more: