ഗൌരവകരമായ അസുഖലക്ഷണങ്ങളെ കൃത്യമായി ചൂണ്ടിക്കാട്ടിയ അപൂർവ്വ സിനിമകൾ! സിനിമകളിലെ സംഭാഷണങ്ങളിലൂടെ പല കാര്യങ്ങളും പഠിക്കുകയും അതേസമയം പഠിച്ചു വെച്ച കാര്യങ്ങൾ തെറ്റാണെന്ന് മനസിലായാൽ അത് മറക്കേണ്ടതാണെന്ന ബോധ്യം ഓരോ പ്രേക്ഷകരിലും വരുത്തുകയുമൊക്കെ ചെയ്യുന്ന വലിയ പ്രക്രിയകൾ സിനിമകളിലൂടെ സംഭവിക്കുന്നുണ്ട്. അങ്ങനെ സിനിമ നൽകുന്ന ഓരോ ചെറുവിവരങ്ങളും ചിലരുടെയെങ്കിലും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. സിനിമകളിലൂടെ കൺവേ ചെയ്യപ്പെടാറുള്ള വളരെ സെൻസിറ്റീവായ അസുഖ വിവരങ്ങളിൽ നിന്നു പോലും ഓരോ കാര്യങ്ങളും അപ്ഡേറ്റ് ചെയ്യാറുണ്ട്. സിനിമകൾ കേവലം വിനോദോപാദി മാത്രമല്ല.
അതൊരു വിജ്ഞാനോപാദി കൂടിയാണ്. സിനിമ പറയുന്ന കാര്യങ്ങൾ എല്ലാം വാസ്തവമാണെന്ന് പറഞ്ഞു വെക്കുകയല്ല, ചിലരെങ്കിലും അതിൻ്റെ സത്യാവസ്ഥ മനസിലാക്കാൻ ശ്രമിക്കാതെ 'സിനിമയിലുള്ളവർ പറയുന്നതല്ലേ' എന്ന ഒരൊറ്റക്കാരണത്താൽ കണ്ണും പൂട്ടി വിശ്വസിച്ച് പിന്തുടരാറുണ്ട് ഇന്നും. (സിനിമയിലുള്ളവർ കുറച്ചുകൂടി ആധികാരികപരമായ പഠനം നടത്തിയാകുമല്ലോ കൂടുതൽ പ്രേക്ഷകരിലേക്ക് ഈ വിവരങ്ങൾ എത്തിക്കുന്നത് എന്ന പൊതു ധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്) പല പ്രേക്ഷകരും സിനിമയിൽ അത് അസുഖലക്ഷണമായി പരാമർശിച്ചിട്ടുണ്ട് എന്ന കാരണത്താൽ ചുരുക്കം ചിലരെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരിലോ സ്വന്തം കുടുംബത്തിലോ ഒക്കെയുള്ളവരുടെ അസുഖ ലക്ഷണങ്ങളുമൊക്കെയായി ഇവയെ ചേർത്തു വെച്ച് വായിക്കാറുമുണ്ട്.
മാനസികാരോഗ്യത്തെയും മാനസിക രോഗങ്ങളുള്ള വ്യക്തികളെയും കുറിച്ചുള്ള പല പൊതു ധാരണകളും പൊളിച്ചെഴുതാൻ മലയാള സിനിമയ്ക്ക് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ തെറ്റില്ല. മാനസിക വിഭ്രാന്തിയുടെ വിവിധ വശങ്ങളെ കുറിച്ച് ആധികാരികമായി പഠിച്ച് തന്നെയാണ് പലരും സിനിമയായി ചിത്രീകരിക്കുന്നത്. മലയാള സിനിമയിൽ കൂടുതലായും സംസാരിച്ചിട്ടുള്ളത് മാനസികപരമായുണ്ടാകാറുള്ള ചില പ്രശ്നങ്ങളെ കുറിച്ചാണ്. മലയാള സിനിമയിലൂടെ കൺവേ ചെയ്യപ്പെട്ട ചില അസുഖ ലക്ഷണങ്ങളെയും അസുഖത്തെയുമൊക്കെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. അത്തരത്തിലുള്ള സിനിമകൾ എടുത്താൽ മോഹൻലാൽ നായകനായ തന്മാത്ര ഒഴിച്ചുനിർത്താനാകില്ല.
രമേശൻ എന്ന കഥാപാത്രം അഴ്സിമേഴ്സ് എന്ന രോഗത്തിൻ്റെ പിടിയിലാണ്. ഇത് ഈ കഥാപാത്രത്തിൻ്റെ ദൈന്യംദിന ജീവിതത്തെയും അദ്ദേഹത്തിൻ്റെ ചുറ്റുമുള്ളവരെയും എങ്ങനെ ബാധിക്കുന്നുവെന്നും അത് അവരെങ്ങനെ വളരെ യാഥാർത്ഥ്യത്തോട് ചേർന്നു നിന്നുകൊണ്ട് തരണം ചെയ്തുവെന്നും സിനിമ പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്. സിനിമയായതിനാൽ കടന്നു വരുന്ന ഫിക്ഷൻ സ്വഭാവം അസുഖ ലക്ഷണങ്ങൾ വളരെ വേഗത്തിൽ മാറുന്നതായ തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കിയിട്ടുണ്ട്. അതുമാത്രമാണ് യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കാതെ പോയ അസുഖലക്ഷണം. മറ്റു സിനിമകൾ പരിശോധിച്ചാലും ഈ 'വേഗത' കണ്ടെത്താനാകും. സിനിമയിലുള്ള ഫിക്ഷൻ സാന്നിധ്യമായി മാത്രം ഇതിനെ കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ.
Find out more: