ഏറ്റവും സമാധാനമുള്ള സ്ഥലം; സുരേന്ദ്രനെതിരെ ദ്വീപ് ബിജെപി. ലക്ഷദ്വീപിലെ ജനങ്ങൾ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ലെന്നും തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും ലക്ഷദ്വീപിലെ ബിജെപി ജനറൽ സെക്രട്ടറി എച്ച് കെ കാസിം പറഞ്ഞു. ലക്ഷദ്വീപിൽ ഭീകരപ്രവർത്തനങ്ങളുണ്ടെന്ന കേരള ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാദം തള്ളി ദ്വീപ് ബിജെപി. ലക്ഷദ്വീപിൽ തീവ്രവാദ പ്രവർത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. ലക്ഷദ്വീപിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് ടൂൾ കിറ്റ് പ്രാചാരണമാണ്. ആസൂത്രിതമായ പ്രചാരണമാണ് കോൺഗ്രസും സിപിഎമ്മും മുസ്ലിം ലീഗും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.



 ലക്ഷദ്വീപിലെ ആളുകൾ വളരെ നല്ലവരാണ്. ഇവിടെ സീറോ ക്രൈമാണ്. ഭീകരപ്രവർത്തനമെന്ന ചിന്തപോലും ഇവിടുത്തെ ജനങ്ങൾക്ക് ഉണ്ടായിട്ടില്ല. ഏറ്റവും സമാധാനമുള്ള സ്ഥലമാണിതെന്നും കാസിം പറഞ്ഞു. പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രഫുലിന്റെ ഭാഗത്തു നിന്നും തങ്ങൾക്ക് യാതൊരുവിധ പിന്തുണയും ലഭിക്കുന്നില്ലെന്നും ദ്വീപിലെ വിവിധ വകുപ്പുകളിലായി നടപ്പാക്കിയ എല്ലാ ക്ഷേമ പ്രവർത്തനങ്ങളും പ്രഫുൽ പട്ടേൽ എടുത്തുമാറ്റിയെന്നും ഇതോടെ ദ്വീപ് നിവാസികളുടെ ജീവിതം ദുസഹമായെന്നും അദ്ദേഹം കത്തിൽ പറയുന്നു. മോദിയുടെ വിശ്വസ്തൻ പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി എത്തിയതിന് പിന്നാലെ തങ്ങളുടെ സമാധാന ജീവിതം തകർന്നെന്നാണ് ലക്ഷദ്വീപ് നിവാസികൾ പറയുന്നത്. 



ദ്വീപിൻറെ സംസ്കാരവും ജീവിതവും തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് കേരള മുഖ്യമന്ത്രി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നേതാക്കളും വിമർശനം ഉന്നയിച്ച് കഴിഞ്ഞു. പ്രഫുൽ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റെടുത്ത ശേഷം നടത്തിയ ഓരോ നീക്കങ്ങളും പരിശോധിച്ചാൽ ഈ വിമർശനങ്ങളെല്ലാം ശരിയാണെന്ന് കരുതേണ്ടിവരും. കാരണം ദ്വീപ് നിവാസികൾക്ക് മേൽ പട്ടേൽ ഏർപ്പെടുത്തുന്ന ഓരോ നടപടിയും 'യുക്തിരഹിത'മെന്നേ ഏതൊരാൾക്കും തോന്നുകയുള്ളൂ. യുക്തിരഹിതമെന്ന്' പറയാമെങ്കിലും പ്രഫുൽ പട്ടേലെന്ന അമിത് ഷായുടെ പിൻഗാമിയെ മുന്നിൽ നിർത്തി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഓരോ നടപടിയും കൃത്യമായ അജണ്ടയും രാഷ്ട്രീയ നീക്കവുമാണെന്ന് വ്യക്തമാണ്.



അതിന് ലക്ഷദ്വീപിൽ പ്രഫുൽ പട്ടേൽ ഏർപ്പെടുത്തിയ നയങ്ങളും, പ്രഫുൽ പട്ടേലെന്ന ബിജെപി നേതാവിൻറെ ചരിത്രവും മാത്രം പരിശോധിച്ചാൽ മതി. 'വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം അടക്കമുള്ളവ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി. സർക്കാർ സർവ്വീസിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടു. തീരദേശ നിയമത്തിൻറെ മറവിൽ മത്സ്യ തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കി, അംഗനവാടികൾ അടച്ചുപൂട്ടി, മദ്യവിരുദ്ധ മേഖലയായ ദ്വീപിൽ ടൂറിസത്തിൻറെ പേരിൽ മദ്യം അനുവദിച്ചു, ഗോവധ നിരോധനം ഏർപ്പെടുത്തി, കുറ്റകൃത്യ നിരക്കിൽ പിന്നില ഏറ്റവും കുറവുള്ള ദ്വീപിൽ ഗുണ്ടാ ആക്ട് ഏർപ്പെടുത്തി, 2 മക്കളിൽ കൂടുതലുള്ളവർക്കു പഞ്ചായത്തിലേക്കു മത്സരിക്കുന്നതിനു വിലക്കേർപ്പെടുത്തി.




 കൊവിഡ് നിയന്ത്രണങ്ങൾ പരിഷ്കരിച്ചതോടെ രോഗികളുടെ എണ്ണം വർധിച്ചു, ബേപ്പൂ‍ർ തുറമുഖവുമായുള്ള ബന്ധം അവസാനിപ്പിക്കാനും മംഗലാപുരം തുറമുഖവുമായി ബന്ധം സ്ഥാപിക്കാനും സമ്മ‍ർദ്ദം ചെലുത്തുന്നു' തുടങ്ങിയ ആരോപണങ്ങളാണ് ദ്വീപ് നിവാസികൾ ഉയർത്തിയിരിക്കുന്നത്. വർഗീയ - കേർപ്പറേറ്റ് താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് പട്ടേൽ ലക്ഷദ്വീപിൽ നടപ്പിലാക്കുന്നതെന്ന വിമർശനത്തെ പ്രതിരോധിക്കാൻ പട്ടേലിന് ജയ് വിളിച്ച് രംഗത്തെത്തിയവർക്കാർക്കും കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അഡ്മിനിസ്ട്രേറ്റർ ഭരണം ആരംഭിച്ചതിന് പിന്നാലെ തന്നെ ദ്വീപ് ജില്ലാ പഞ്ചായത്തിൻറെ അധികാരങ്ങൾ വെട്ടിക്കുറക്കുകയാണ് പട്ടേൽ ചെയ്തതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  

Find out more: