ലാലുപ്രസാദ് ഒരു കേസിൽ കൂടി കുറ്റക്കാരനെന്ന് കോടതി! റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ദോരാണ്ടയിലെ ട്രഷറിയിൽ നിന്ന് നിയമവിരുദ്ധമായി 139.35 കോടി രൂപ പിൻവലിച്ചെന്ന കേസിലാണ് ലാലുപ്രസാദ് യാദവിനെതിരായ വിധി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. അഴിമതിയുടെ മുഖ്യ ആസൂത്രകൻ ലാലുപ്രസദ് യാദവാണെന്നാണ് കണ്ടെത്തൽ. കോടതി വിധി പ്രസ്ദാവം വായിക്കുമ്പോൾ ലാലു പ്രസാദ് അടക്കമുള്ള പ്രതികൾ കോടതി മുറിയിൽ ഹാജരായിരുന്നു. കേസിലെ മറ്റു 98 പ്രതികളും ലാലുവിനൊപ്പം കോടതിയിലെത്തിയിരുന്നെങ്കിലും ഇതിൽ 24 പേരെ കോടതി വെറുതെ വിട്ടു ഇതോടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിലും ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.
മുൻപും കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊത്തം 950 കോടി രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് കേസിലെ രേഖകൾ പറയുന്നത്. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ചാലിബാസ ട്രഷറിയിൽ നിന്ന് 37.7 കോടി രൂപയും 33.13 കോടി രൂപയും പിൻവലിച്ച കേസിലും ദിയോഘർ ട്രഷറിയിൽ നിന്ന് 89.27 കോടി രൂപ പിൻവലിച്ച കേസിലും ലാലു കുറ്റക്കാരനാണെന്ന് കോടതികൾ കണ്ടെത്തിയത്. ദുംക ട്രഷറിയിൽ നിന്ന് 3.76 കോടി പിൻവലിച്ച കേസിലും ലാലുപ്രസാദ് യാദവിനെതിരായിരുന്നു വിധി. മുൻ എംപി ജഗദീഷ് ശർമ അടക്കം 35 പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്. മുൻപ് പിഎസി ചെയർമാനയിരുന്നു ധ്രുവ് ഭാഗതും ഈ പട്ടികയിലുണ്ട്.
ഈ സാഹചര്യത്തിൽ ഇവർക്ക് കേസിൽ ജാമ്യം ലഭിക്കും. ലാലു പ്രസാദ് യാദവ് അടക്കം 40 പ്രതികൾക്ക് ഫെബ്രുവരി 21ന് ശിക്ഷ വിധിക്കും. നിലവിൽ 14 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിൽവാസം അനുഷ്ടിക്കുകയാണ് ലാലു പ്രസാദ് യാദവ്. എന്നാൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ നാലു കേസുകളിലും ലാലുപ്രസാദ് യാദവിനു ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിൻ്റെ ഭാഗമായി മുൻപും മൂന്നര വർഷത്തോളം ലാലു ജയിലിൽ കഴിഞ്ഞിട്ടുണ്ട്. എന്നാൽ 2017 മുതൽ ഭൂരിഭാഗം കാലവും ചികിത്സയുടെ ഭാഗമായി അദ്ദേഹം ആശുപത്രിയിലാണ് കഴിഞ്ഞത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ വർഷം അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിലേയ്ക്കും കൊണ്ടുവന്നിരുന്നു. കാലിത്തീറ്റ വാങ്ങാനായി സർക്കാർ നീക്കി വെച്ച തുകയിൽ തിരിമറി നടത്തിയെന്നാണ് കേസ്. ലാലു ബിഹാർ മുഖ്യമന്ത്രിയായിരുന്ന 1991 മുതൽ 1996 വരെയുള്ള കാലയളവിലായിരുന്നു ഇടപാടുകൾ. മുൻപ് ഒരു കേസ് പരിഗണിച്ചപ്പോൾ ലാലുപ്രസാദ് യാദവിൽ നിന്ന് കോടതി 60 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. അതേസമയം, പുതിയ കേസിൽ മൂന്ന് വർഷത്തിലധികം ജയിൽ ശിക്ഷ ലഭിച്ചാൽ ലാലുപ്രസാദ് യാദവിനു വീണ്ടും ജയിലിലേയ്ക്ക് മടങ്ങേണ്ടി വരും.
Find out more: