പാലക്കാട് ∙ വടക്കൻജില്ലകൾ കേന്ദ്രീകരിച്ചു കനത്ത മഴ തുടരുമ്പേ‍ാൾ സംസ്ഥാനത്ത് ഈ കാലവർഷ സീസണിൽ ഇതുവരെ ലഭിച്ചത് 73 ശതമാനം മഴ. കഴിഞ്ഞയാഴ്ചവരെ 40 ശതമാനമായിരുന്നു മഴക്കുറവ്. രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് നിരീക്ഷണം.

വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തിപ്പെടാനും സാധ്യതയുണ്ട്. വയനാട്ടിൽ ഇന്നലെ വരെ 60 ശതമാനം മഴ ലഭിച്ചു. 51 ശതമാനം മഴക്കുറവുണ്ടായിരുന്ന സ്ഥാനത്താണിത്. ഇടുക്കിയിൽ മഴക്കുറവ് 44 ശതമാനമായി കുറഞ്ഞു. കേ‍ാഴിക്കേ‍ാടാണ് ഇതുവരെ കൂടുതൽ മഴ ലഭിച്ചത് - 94 ശതമാനം. തെക്കൻ ജില്ലകളിൽ താരതമ്യേന മഴ കുറവാണ്. ലഭിക്കുന്നതു ശക്തികുറഞ്ഞ നിലയിലും. തിരുവനന്തപുരത്ത് 23 ശതമാനവും എറണാകുളത്ത് 25 ശതമാനവുമാണ് മഴക്കുറവ്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തമായി നിൽക്കുന്നതിനാൽ രണ്ടു ദിവസം കൂടി മഴ ലഭിക്കുമെന്നാണു പ്രതീക്ഷ. പിന്നീട് കാറ്റ് കർണാടക, ഗേ‍ാവ തീരത്തേക്കു നീങ്ങുമെന്നാണു സൂചനകൾ. അതു വീണ്ടും മുംബൈതീരത്ത് എത്താനുള്ള സാധ്യതയും ശാസ്ത്രജ്ഞർ കാണുന്നു. അങ്ങനെയെങ്കിൽ മുംബൈ നാലാമത്തെ പ്രളയം നേരിടേണ്ടിവരുമേ‍ായെന്നും ആശങ്കയുണ്ട്.

Find out more: